ഒരു അമ്മയുടെ പ്രാർത്ഥന



പൂജ വെയ്പ്പും വായനയും എല്ലാം കഴിഞ്ഞു ഞാൻ ആലോചിക്കായിരുന്നു എനിക്ക് വന്ന മാറ്റങ്ങളെ പറ്റി. ഇപ്പൊ കണ്ണടച്ച് പ്രാർത്ഥിക്കുമ്പോൾ ഒരു കാര്യം മാത്രം ഉള്ളു മനസ്സിൽ "എന്നും സമാധാനവും സന്തോഷവും ജീവിതത്തിൽ നിറഞ്ഞു നിൽക്കണേ എന്ന് ". വേറെ പരാതികൾ ഒന്നും മനസ്സിൽ വരാറില്ല. 11 വർഷം മുൻപ് എന്റെ രണ്ടാമത്തെ മകൻ അദ്വൈത് സംസാരിക്കാൻ വൈകി യപ്പോൾ ഞങ്ങൾ ഒരു ഡീറ്റൈൽഡ് ചെക്ക് അപ്പ്‌ ചെയ്തു, അങ്ങനെ അവനു ഓട്ടീസം ആവാനുള്ള ചാൻസ് ഉണ്ടെന്നു ഡോക്ടർ മാർ പറഞ്ഞു. ഞാൻ ആദ്യമായിട്ടാണ് ഓട്ടീസം എന്ന വാക്ക് കേട്ടത്. എനിക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അവൻ കുഞ്ഞിലേ കാണാൻ നല്ല ഭംഗിയുള്ള വെളുത്തു തുടുത്ത ഒരു കുഞ്ഞു ആയിരുന്നു. ഇരുന്നതും നടന്നതും ഒക്കെ ശരിയായ സമയത്തു ആയിരുന്നു. ഇങ്ങനെ ഒരു പ്രശ്നം അവനു ഉണ്ടാകുമെന്നു ഒരു സൂചന യും ഇല്ലായിരുന്നു. ഞാൻ ആകെ തകർന്നു പോയി. ബാക്കി എല്ലാരും ഇതറിഞ്ഞു ഇത് എന്ത് കൊണ്ട് സംഭവിച്ചു എന്ന് കണ്ടു പിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. എല്ലാരും കണ്ടുപിടിച്ചത് ഞാൻ ശരിക്ക് അവനെ ശ്രദ്ധിക്കാതെ ഇരുന്നിട്ടാണ് ഈ അവസ്ഥ വന്നേ ന്നാണ്. പിന്നേം ഉണ്ടുട്ടോ കാരണങ്ങൾ.... ഞാൻ ഗർഭവസ്ഥയിൽ ചില മരുന്നുകൾ കഴിക്കാഞ്ഞത് കൊണ്ടാണെന്നും, ചില മരുന്നുകൾ കഴിച്ചത് കൊണ്ടാണെന്നും, പിന്നെ ഞാൻ എന്റെ മൂത്ത മകനെ മാത്രം ശ്രദ്ധിക്കുന്നത് കൊണ്ടുണ്ടാണെന്നും... അങ്ങനെ എല്ലാരും ഒരുപാട് കാരണങ്ങൾ കണ്ടു പിടിച്ചു. ഇതൊക്കെ കേൾക്കുന്ന എന്റെ അവസ്ഥ ഇനി ഞാൻ പറയാതെ തന്നെ നിങ്ങക്ക് ഊഹിക്കാമല്ലോ. ഞാൻ ആകെ  തകർന്നു പോയി. ഒരാള്‌ പോലും ഉണ്ടായില്ല എന്റെ വേദന മനസ്സിലാക്കാൻ. അന്ന് ഡോക്ടർമാർ പറയുമായിരുന്നു, ഏർലി ഇന്റർവെൻഷൻ പ്രോഗ്രാംസ് കറക്റ്റ് ആയി ചെയ്താൽ എല്ലാം ശരിയാവുംന്ന്. പിന്നെ എന്റെ ശ്രമം മുഴുവൻ അവനെ ഓരോന്ന് പഠിപ്പിക്കുന്നതിലായി. അന്നത്തെ എന്റെ പ്രാർത്ഥന മുഴുവൻ ഓട്ടിസം മാറ്റിതരണേ എന്നായിരുന്നു. അതിനു വേണ്ടി ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. മോനു കുറെ വ്യതാസങ്ങൾ വന്നു. അപ്പോഴും എല്ലാരും അവനു ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ടിരുന്നു. എല്ലാവരും ഒരു വലിയ പോരായ്മ ആയി പറഞ്ഞത്, ഇപ്പോളും അവൻ സംസാരിക്കുന്നില്ലല്ലോ എന്നാണ്. അന്ന് എന്റെ ഏറ്റവും വല്ല്യ പ്രാർത്ഥന അവൻ ഒന്ന് സംസാരിക്കണെ എന്നായിരുന്നു.

പിന്നെ പിന്നെ എന്റെ അനുഭവങ്ങളിൽ നിന്ന് ഞാൻ മനസിലാക്കി ഓട്ടിസം ഒരു അസുഖമല്ല, അതുകൊണ്ട് തന്നെ അത് പൂർണമായി മാറാൻ പോകുന്നില്ല എന്ന്. അങ്ങനെ ഓട്ടിസം മാറ്റി തരണേ എന്നുള്ള പ്രാർത്ഥന നിറുത്തി. അതുപോലെ തന്നെ സംസാരിച്ചില്ലെങ്കിലും അവൻ അവന്റ Avaz ആപ്പ് വച്ചു നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പഠിച്ചു. ഞാൻ അവൻ സംസാരിക്കുന്നില്ല എന്ന കാര്യം തന്നെ മറന്നു. അവൻ സംസാരിക്കണേ എന്ന് പ്രാർത്ഥിക്കാൻ മറന്നു... കാരണം ഞാൻ അവനെ പൂർണമായി accept ചെയ്യാൻ തുടങ്ങി... അവൻ എങ്ങനെ യാണോ അങ്ങനെ...

പിന്നെ വലിയൊരു വത്യാസം എനിക്ക് വന്നത്, ഞാൻ ആര് എന്ത് പറഞ്ഞാലും അതൊന്നും ഓർത്തു വിഷമിക്കൽ നിറുത്തി.

ഇപ്പൊ എന്റെ മോനു ഒരുപാട് കഴിവുകൾ ഉണ്ട്. അവനു വായിക്കാനും ടൈപ്പ്‌ ചെയ്യാനും കഴിയും, കമ്പ്യൂട്ടർ നന്നായി ഉപയോഗിച്ച് ഡാറ്റാ എൻട്രിഉം mattu കാര്യങ്ങളും ചെയ്യും, skating ഇൽ സ്റ്റേറ്റ് level ഗോൾഡ്‌ medalist ആണ്. സ്പെഷ്യൽ ഒളിമ്പിക്സ് ഇലും പങ്കെടുത്തു, സ്റ്റേറ്റ് level സിൽവർ medalist ആയി. സൈക്കിൾ ചവിട്ടാനും (റോഡ് ഇലും ), ബാഡ്മിന്റൺ കളിക്കാനും , ബാസ്കറ്റ് ബോൾ കളിക്കാനും, നീന്താനും, എംബ്രോയ്‌ഡ്‌റി ചെയ്യാനും നന്നായി പഠിച്ചു. അവൻ നല്ല ഭംഗിയായി മുത്തുകൾ വച്ചു jewellery ഉണ്ടാക്കും. അവൻ ഇപ്പൊ തന്നെ സ്വന്തമായി അവന്റ കാര്യങ്ങൾ ചെയ്യും.

ഒരുപാട് ഒരുപാട് കഷ്ടപ്പെട്ടതിന്റെ ഫലമാണ് ഇതെല്ലാം. അവനു ചെയ്യാൻ പറ്റാത്ത കാര്യങ്ങളുടെ ലിസ്റ്റ് എടുത്താലും ഉണ്ടാകും കുറെ കാര്യങ്ങൾ. പക്ഷെ ഇനി അത് കേട്ടു കരയാനും വിഷമിക്കാനും ഞാൻ ഇല്ല.

ഇപ്പൊ ഒരേ ഒരു പ്രാർത്ഥന... ഈ സന്തോഷവും സമാധാനവും എന്നും നിലനിർത്തി തരണേ എന്നുള്ള പ്രാർത്ഥന!!

സ്‌മൃതി

Comments

Post a Comment

Popular posts from this blog

How i taught my son to type - Explained Step by Step

How I developed Communication skills in my Son – Advaith

How We Taught Cycling for Advaith